ജെസ്‌ന തിരോധാനക്കേസിൽ പിതാവ് കോടതിയിൽ തെളിവുകൾ ഹാജരാക്കി…
കോട്ടയം: ജെസ്‌ന തിരോധാനക്കേസിൽ പിതാവ് ജെയിംസ് ജോസഫ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു. ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ കോടതി പരിശോധിച്ചു. ഇതേ തെളിവുകൾ നേരത്തെ സിബിഐ പരിശോധിച്ചിട്ടുണ്ടോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. കേസിൽ സിബിഐ തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജയിംസ് കോടതിയിൽ ഹർജി നല്കിയത്. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. കേസ് ശനിയാഴ്ചയും കോടതി പരിഗണിക്കും.
ജെസ്‌ന മരിയയെ 2018 മാർച്ച് 22നു കാണാതായ കേസിൽ പൊലീസും സിബിഐയും ഇനിയും കണ്ടെത്താത്തതും പരിഗണിക്കാത്തതുമായ സൂചനകളും തെളിവുകളുമാണ് ജെയിംസ് കോടതിയിൽ സീൽ ചെയ്ത കവറിൽ സമർപ്പിച്ചത്. പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു പുറപ്പെട്ട ജെസ്‌ന അവിടെ എത്തിയിട്ടില്ലെന്നും ഒരു അജ്ഞാതസുഹൃത്തുമായുള്ള അടുപ്പമാണു മകൾ അപായപ്പെടാൻ കാരണമായതെന്നും ജെയിംസ് സംശയിക്കുന്നു. 2021 ഫെബ്രുവരിയിൽ സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിലും വ്യക്തമായ സൂചനകളില്ലാതെ ഫയൽ മടക്കുകയായിരുന്നു. ജെസ്‌ന ജീവനോടെയുണ്ടോ എന്നതിൽ വ്യക്തതയില്ലെന്നായിരുന്നു സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.
ജസ്‌ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകൾ ഹാജരാക്കിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ മുമ്പാകെയാണ് കോടതി നിർദ്ദേശ പ്രകാരം മുദ്ര വെച്ച കവറിൽ ഹാജരാക്കിയത്. സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാാണ് ഇനി പരിശോധന. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ വ്യക്തമാക്കിയിരുന്നത്. ആയതിനാൽ ഇപ്പോൾ ജെയിംസ് നൽകിയ തെളിവുകള്ളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്റെ കാര്യത്തിൽ സിജെഎം കോടതി ഉത്തരവിടുക.