ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്,പക്ഷെ..ഇനി വേഗത്തിൽ വീട്ടിലെത്തിക്കണം..ശബ്ദമിടറി ലോറി ഉടമ മനാഫ്…
കര്‍ണാടകയിലെ ഷിരൂരിലെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വികാരനിര്‍ഭരനായി ലോറി ഉടമ മനാഫ്.
അർജുൻ തിരികെ വരില്ലെന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ എന്തെങ്കിലും ഒരു ആവേശിപ്പ് കണ്ടെത്തുക എന്നതായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.ഉറങ്ങിയിട്ട് ദിവസങ്ങളായി. ഒരുപാട് വിഷമം ഉണ്ട്. വിഷയത്തിൽ ഒരുപാട് ദുഖമായുണ്ടായി. ഒരാൾ ഒരു വിഷയത്തിൽ നിന്ന് തുനിഞ്ഞ് ഇറങ്ങിയാൽ ലഭിക്കുന്ന പ്രതിഭലമാണിത്. ഓന്റെ അച്ഛന് കൊടുത്ത വാക്ക്ണ്ട്, ഓനെ കൊണ്ടുവരുമെന്ന്.. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. ഇങ്ങനെയെങ്കിലും എത്തിച്ചു’എന്നും അദ്ദേഹം പറഞ്ഞു.
‘അര്‍ജുന് എന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ ഉണ്ടെന്ന്. ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട.’എന്നും മനാഫ് വൈകാരികമായി പ്രതികരിച്ചു.
അതേസമയം ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. മൃതദേഹഭാഗങ്ങള്‍ ബോട്ടിലേക്ക് മാറ്റി. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്.