ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി…
തിരുവനന്തപുരം: കടുത്ത വേനലിലും ഏറെ പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി. കടുത്ത വേനലും ഉഷ്ണതരംഗവും കേരളത്തിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. പകലും രാത്രിയും ചൂട് ഒരു പോലെ നിൽക്കുകയാണ്. രാത്രി കഴിഞ്ഞും അന്തരീക്ഷ ഊഷ്മാവ് താഴെ വരുന്നില്ല. ഈ സാഹചര്യത്തിൽ എസിയുടെ ഉപയോഗവും വർദ്ധിച്ചു കഴിഞ്ഞു. നേരത്തേതിൽ നിന്നും വ്യത്യസ്തമായി രാത്രി 10.30 ന് ശേഷമാണ് ഇപ്പോൾ പിക്ക് ഡിമാൻറ് ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പീക്ക് ഡിമാൻറ് ഇന്നലെ 5717 മെഗാവാട്ടായി (കഴിഞ്ഞ വർഷം ഇത് 5024 മെഗാവാട്ടായിരുന്നു). നമ്മുടെ സിസ്റ്റത്തിന് താങ്ങാവുന്നതിലും അധികമാണ് 5711 മെഗാവാട്ട് എന്ന നില, ഒരു നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയർന്നാൽ ഗ്രിഡ് സ്വയം നിലയ്ക്കും.
ഗ്രിഡ് കോഡ് പ്രകാരം ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഏർപ്പെടുത്തിയ സംവിധാനമാണ് എഡിഎംഎസ് (ഓട്ടോമാറ്റഡ് ഡിമാന്റ് മാനേജ് മെൻറ് സിസ്റ്റം) ഗ്രിഡിലെ ഉപഭോഗം ഒരു പരിധി കഴിഞ്ഞും വൈദ്യുതാവശ്യം നിയന്ത്രിക്കാതിരുന്നാൽ ഓട്ടോമാറ്റിക്കായി വൈദ്യുതി നിലയ്ക്കുന്നു. ഇങ്ങനെ ലോഡ് ക്രമാതീതമായി വർദ്ധിച്ചാൽ 11 കെവി ഫീഡറുകളിൽ വൈദ്യുതി വിതരണം നിലയ്ക്കും.