ജലജ വധക്കേസിലെ പ്രതി തിരുവനന്തപുരത്ത് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

ഹരിപ്പാട്: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് മുട്ടം ജലജ വധക്കേസിലെ പ്രതിയെ തിരുവനന്തപുരത്ത് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം പീടികപറമ്പിൽ ശശി, മണി ദമ്പതികളുടെ മകൻ സജിത്താ (40)ണ് മരിച്ചത്. 2015 ഓഗസ്റ്റ് 13നാണ് ഹരിപ്പാട് മുട്ടം സ്വദേശിയായ ജലജയെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഏറ്റെടുക്കുകയും 2017 ഡിസംബർ 24ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി ജലജയോട് അപമര്യാദയായി പെരുമാറിയതാണ് പിന്നീട് ബലപ്രയോഗത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ജലജയുടെ അയല്‍വാസി രഘുവിന്റെ സുഹൃത്തായിരന്നു സജിത്ത്. അറസ്റ്റിലായ സജിത്തിനെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. 2018 ജൂലൈയിൽ ജാമ്യം ലഭിച്ചു. തുടർന്ന് തിരുവനന്തപുരത്ത് താമസമാക്കിയ സജിത്ത് അവധി ദിവസങ്ങളിൽ നാട്ടിൽ വന്ന് പോയിരുന്നതായാണ് വിവരം. ആഗസ്റ്റ് 3ന് വിചാരണ തുടങ്ങാനിരിക്കെയാണ് സജിത്തിന്റെ മരണം. മനീഷാണ് സജിത്തിന്റെ സഹോദരൻ.

Related Articles

Back to top button