ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കണം…ചീഫ് ജസ്റ്റിസ്

ഇന്ത്യയിലെ ജയിലുകളിൽ തടവുകാർ നേരിടുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മാധ്യമപ്രവർത്തക സുകന്യ ശാന്ത നൽകിയ പൊതു താത്പര്യ ഹർജിയിന്മേലായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
ജാതി വിവേചനം തടയുന്നതിനായി ജയിലുകളിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വാദത്തിനിടെ ചീഫ് ജസ്റ്റിസ് തന്നെ ജയിൽ ചട്ടങ്ങളിലെ വിവേചനപരമായ പരാമർശങ്ങളും ഭാഗങ്ങളും ചൂണ്ടിക്കാട്ടി. പ്രത്യേക ജാതിവിഭാഗങ്ങളെ ചില ജോലികളിൽ നിന്ന് ഒഴിവാക്കുന്ന പരാമർശങ്ങളും ‘തോട്ടിപ്പണി ചെയ്യുന്ന വിഭാഗം’ എന്ന പരാമർശങ്ങളെയെല്ലാം കോടതി ചോദ്യം ചെയ്തു. ഇവ ഞെട്ടിക്കുന്നതെന്നും തീർത്തും ദൗർഭാഗ്യകരമെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് എത്രയും പെട്ടെന്ന് അവ അവസാനിപ്പിക്കണമെന്നും പറഞ്ഞു.
ജനുവരിയിൽ കേസ് പരിഗണിച്ചപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ജയിൽചട്ടങ്ങളിലെ വിവേചനപരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ കേരളത്തിന്റെ ജയിൽ ചട്ടങ്ങളിലെ പരാമർശങ്ങളും ഉൾപ്പെട്ടിരുന്നു. ശേഷം കേരളം ഉൾപ്പെടെയുള്ള പതിനഞ്ചോളം സംസ്ഥാനങ്ങൾക്ക് മറുപടി ആവശ്യപ്പെട്ട് കോടതി നോട്ടീസ് നൽകി. എന്നാൽ കേരളം ഇതുവരെ കോടതിയിൽ മറുപടി നൽകിയിട്ടില്ലെന്ന് മാത്രമല്ല, ആകെ നാല് സംസ്ഥാനങ്ങൾ മാത്രമാണ് കൃത്യമായ മറുപടി നൽകി ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കാൻ തയ്യാറായത്.

Related Articles

Back to top button