ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് ഉടൻ….
ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . ഉധംപുരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കൂടാതെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും അധികം വൈകാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു . ഭീകരവാദത്തിന്റെയും ആക്രമണങ്ങളുടെയും കല്ലേറിന്റെയും അതിർത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പിന്റെയും അകമ്പടിയില്ലാതെ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാകും ഇത്തവണ ജമ്മു കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുകയെന്നും മോദി വ്യക്തമാക്കി.
കൂടാതെ ഉധംപുരിലെ സ്ഥാനാർഥി ജിതേന്ദ്ര സിങ്ങിനും ജമ്മുവിലെ എൻഡിഎ സ്ഥാനാർഥി ജുഗൽ കിഷോറിനും വോട്ടു ചെയ്യാൻ മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യം നേരിടുന്ന വെല്ലുവിളികളെ അനായാസം നേരിട്ട് മുന്നോട്ടു പോകാൻ തക്ക കരുത്തുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ വരുന്നതിന് ഇരുവരെയും വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് മോദി അഭ്യർഥിച്ചു.