ചെങ്ങന്നൂർ നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നാടകീയമായ രംഗങ്ങൾ..കെ.ഷിബുരാജൻ വൈസ് ചെയർമാൻ

ചെങ്ങന്നൂർ: നഗരസഭയിലെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നാടകീയമായ രംഗങ്ങൾ. യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കെതിരെ മത്സരിച്ചു. സ്വതന്ത്ര കൗൺസിലർ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് വോട്ടുചെയ്തു. ബി.ജെ.പിയും മത്സര രംഗത്തുണ്ടായിരുന്നു. ഇടതു കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ ഹാജരായില്ല. നഗരസഭാ വൈസ് ചെയർമാനായി കോൺഗ്രസ്സിലെ കെ.ഷിബുരാജൻ തെരഞ്ഞെടുക്കപ്പെട്ടു. ഷിബുരാജന് 13 വോട്ടും ബി.ജെ.പിയിലെ സിനി ബിജുവിന് 7 വോട്ടും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ബി. ശരത്ചന്ദ്രന് 4 വോട്ടും ലഭിച്ചു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. സ്വതന്ത്ര അംഗവും 6-ാം വാർഡ് കൗൺസിലറുമായ എബ്രഹാം ജോസ് കോൺഗ്രസ് സ്ഥാനാർത്ഥി കെ.ഷിബുരാജന് വോട്ടുചെയ്തു. കോൺഗ്രസ്സിലെ കെ.ഷിബുരാജന്റെ പേര് 24-ാം വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അശോക് പടിപ്പുരയ്ക്കൽ നിർദ്ദേശിച്ചു. അഞ്ചാം വാർഡ് കൗൺസിലർ പി.ഡി. മോഹനൻ പിൻതാങ്ങി. 25-ാം വാർഡ് കൗൺസിലർ സിനി ബിജുവിന്റെ പേര് 16-ാം വാർഡ് കൗൺസിലർ മനു എം.കൃഷ്ണൻ നിർദേശിച്ചു. നാലാം വാർഡ് കൗൺസിലർ ആതിര ഗോപൻ പിൻതാങ്ങി. നിർദ്ദേശിച്ചു. 13-ാം വാർഡ് കൗൺസിലർ ബി. ബി.ശരത്ചന്ദ്രന്റെ പേര് 21-ാം വാർഡ് കൗൺസിലർ രാജൻ കണ്ണാട്ട് നിർദ്ദേശിച്ചു. 8-ാം വാർഡ് കൗൺസിലർ അർച്ചന കെ.ഗോപി പിൻതാങ്ങി. തെരഞ്ഞടുപ്പിൽ മുൻ വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിലും ഒന്നാം വാർഡ് കൗൺസിലർ രോഹിത് പി. കുമാറും ബാലറ്റ് പേപ്പറിനു പുറത്ത് പേരുകൾ രേഖപെടുത്തിയത് തെറ്റായിയാണെന്ന് കൗൺസിലർ രാജൻ കണ്ണാട്ട് പരാതിപ്പെട്ടതിനെ തുടർന്ന് വോട്ടെണ്ണൽ ഇടയ്ക്ക് തടസ്സപ്പെട്ടു. രണ്ടു വോട്ടുകളും സാധുവാണെന്ന് വരണാധികാരി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം മറുപടി നൽകി. ചെങ്ങന്നൂർ ആർ.ഡി.ഒ. ജി. നിർമ്മൽകുമാർ വരണാധികാരിയായിരുന്നു.യു.ഡി.എഫ്. ഭരിക്കുന്ന ചെങ്ങന്നൂർ നഗരസഭയിൽ യു.ഡി.എഫ്. 16, ബി.ജെ.പി. 7, എൽ.ഡി.എഫ്. 3, സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷി നില. യു.ഡി.എഫിലെ 16 കൗൺസിലർമാരിൽ 12 പേർ കോൺഗ്രസ്സും 4 പേർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമാണ്. നഗരസഭയുടെ 4 വ്യത്യസ്ത വാർഡുകളിൽ നിന്ന് വിജയിച്ച കെ.ഷിബുരാജൻ മുൻ നഗരസഭാ ചെയർമാനും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.

Related Articles

Back to top button