ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി… കഴുത്തറുത്തു….
കണ്ണൂർ: പാനൂരിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് കാമുകന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി നൽകി. അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറഞ്ഞു. എന്നാൽ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നൽകി. ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്.
പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപവാസികളിൽ നിന്ന് വിവരം തിരക്കി. ഒരാൾ മുഖംമൂടി ധരിച്ച് പോകുന്നത് കണ്ടെന്ന് സമീപവാസികളിലൊരാൾ മൊഴി നൽകി. തുടർന്ന് വിഷ്ണുപ്രിയയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചായി അന്വേഷണം. തുടർന്നാണ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തത്. നാല് മാസമായി ന്യൂക്ലിയസ് ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. വിവരമറിഞ്ഞ് ഉത്തരമേഖലാ ഡിഐജി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ എന്നിവർ സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗം കൃത്യം നടന്ന വീടിനകത്ത് പരിശോധന നടത്തി.