ചില്‍ഡ്രന്‍സ് ഹോമിലാക്കിയ പെണ്‍കുട്ടിയെക്കുറിച്ച് 5 വർഷമായി ഒരു വിവരവുമില്ല….അധികൃതരോട് അന്വേഷിക്കുമ്പോൾ അസഭ്യം പറച്ചിൽ…

ചില്‍ഡ്രന്‍സ് ഹോമിലാക്കിയ പെണ്‍കുട്ടിയെക്കുറിച്ച് അഞ്ചു വര്‍ഷമായി ഒരു വിവരവുമില്ലെന്ന് അമ്മയുടെ പരാതി. കാസര്‍കോട് സ്വദേശി സാലി സണ്ണിയുടെ മകള്‍ ഹിദ സാലിയെയാണ് തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായത്. 2018-ന് ശേഷം കുട്ടിയെ കാണിക്കുകയോ എന്തെങ്കിലും വിവരം നല്‍കുകയോ ചെയ്തിട്ടില്ല. കുട്ടിയെ അന്വേഷിച്ചെത്തിയപ്പോഴെല്ലാം അധികൃതര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞെന്നും പരാതിയുണ്ട്. 2000-ത്തിലാണ് കൈക്കുഞ്ഞുമായി തൃശൂര്‍ വെട്ടുകാടുള്ള അഗതിമന്ദിരത്തിലേക്ക് സാലി എത്തുന്നത്. ഭര്‍ത്താവ് മരിച്ച സാലിക്ക് കുഞ്ഞിനെ സുരക്ഷിതമായി നിര്‍ത്തുകയായിരുന്നു ലക്ഷ്യം. അഗതി മന്ദിരത്തിലെ സിസ്റ്റര്‍ ലതികയെയുടെ നിര്‍ദ്ദേശ പ്രകാരമാണ് മകള്‍ ഹിദയെ മുളയം എസ്ഒഎസ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് അയച്ചത്. 18 വയസുവരെ മകളെ കാണാനും സംസരിക്കാനുമൊക്കെ കഴിഞ്ഞിരുന്നു. അവസാനമായി കണ്ടത് 2018-ലാണ്. 18 വയസിന് ശേഷം മകളെ വീട്ടിലേക്ക് കൂട്ടാന്‍ ചില്‍ഡ്രന്‍സ് ഹോമിലെത്തിയെങ്കിലും അവളെ കാണാനായില്ല. പിന്നീട് പല തവണ മകളെ കാണാന്‍ ചെന്നെങ്കിലും അസഭ്യവര്‍ഷം ചൊരിഞ്ഞ് ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ ആട്ടിയകറ്റുകയായിരുന്നെന്നാണ് സാലിയുടെ ആരോപണം.

അവസാനമായി മകള്‍ അറിയിച്ചത് ചെന്നൈയില്‍ ജോലിക്ക് പോകുന്നു എന്നത് മാത്രമാണ്. ഇത് സംബന്ധിച്ച് ഒരു വിവരവും നല്‍കാന്‍ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സാലി മണ്ണുത്തി പൊലീസില്‍ പരാതി നല്‍കി. പിന്നീട് പല തവണ കുട്ടിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മൂന്ന് വര്‍ഷം മുമ്പ് സ്ഥലം മാറിപ്പോയ മാനേജര്‍ ജോസഫിനെ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ഹിദയെയും ഇത്രയും തവണ കുട്ടിയെ അന്വേഷിച്ചു ചെന്ന സാലിയെയും ഓര്‍മ ഇല്ലെന്നാണ്. എസ്ഒഎസ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് സാലിയെയും ഹിദയെയും എത്തിച്ച സിസ്റ്റര്‍ ലതികയെ വിളിച്ചപ്പോഴും കിട്ടിയത് സമാന മറുപടിയാണ്. കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമില്‍ നിര്‍ത്തുന്നതിന് സാലി ഒപ്പിട്ട് കൊടുത്ത പേപ്പറില്‍ എന്താണ് എഴുതിയതെന്ന് പോലും ഓര്‍മ ഇല്ല. സിസ്റ്റര്‍ ലതിക പത്തോളം കുട്ടികളെ മുളയം ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചിട്ടുമുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടി ജീവനോടെ ഉണ്ടോ എന്നറിയാന്‍ വനിതാ കമ്മീഷനിലടക്കം പരാതി നല്‍കി കാത്തിരിക്കുകയാണ് സാലി.

Related Articles

Back to top button