ചാരുംമൂട്ടിൽ സി.പി.ഐ-കോൺഗ്രസ് സംഘർഷം, കല്ലേറ്.. പൊലീസുകാരടക്കം 30 പേർക്ക് പരിക്കേറ്റു… നാളെ 5 പഞ്ചായത്തുകളിൽ ഹർത്താൽ….
മാവേലിക്കര : കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചാരുംമൂട്ടിൽ സി.പി.ഐ-കോൺഗ്രസ് സംഘർഷം. ഇരുവിഭാഗത്തിൽ നിന്നുള്ളവർക്കും പൊലീസുകാർക്കും അടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. നാളെ 5 പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം നൽകി.
കോൺഗ്രസ് ഓഫീസിനു തൊട്ടടുത്ത് സി.പി.ഐ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴതെറിഞ്ഞെന്നാരോപിച്ച് സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. ഇതിനിടെയാണ് കല്ലേറും ആക്രമണവും ഉണ്ടായത്.
ഇരു ഭാഗത്തു നിന്നും ശക്തമായ കല്ലേറ് ഉണ്ടായതോടെ ചെങ്ങന്നൂർ ഡി.വൈ.എസ്.പി അടക്കമുള്ള പൊലീസുകാർക്ക് ഓടി മാറേണ്ടി വന്നു. ഇതോടെ ഇരുഭാഗത്തെയും പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫീസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് പിഴുത് മാററിയിരുന്നു. പിന്നീട് സി.പി.ഐ പ്രവർത്തകർ വീണ്ടും കൊടിമരം സ്ഥാപിച്ചു. എന്നാൽ ഓഫീസിനു സമീപത്തു നിന്നും കൊടിമരം മാറ്റണമെന്ന് കോൺഗ്രസ് നിലപാടെടുത്തു. ഇതു സംബസിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒക്ക് പരാതിയും നൽകിയിരുന്നു. ബുധനാഴ്ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർ മുണ്ടാക്കി. തുടർന്ന് പൊലീസ് ലാത്തിവീശി. തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും കൊടി നീക്കം ചെയ്യണമെന്ന ആർ.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. എട്ട് മണിയോടെ തഹസിൽദാർ സന്തോഷ് കുമാർ സ്ഥലത്തെത്തി കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കൊടി എടുക്കുന്നെങ്കിൽ കോൺഗ്രസ് ഓഫീസിലെ അടക്കം പുറംപോക്കിലെ എല്ലാ കൊടികളും എടുക്കണമെന്ന് സി.പി.ഐ നിലപാടെടുത്തു. ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. കല്ലേറ് രൂക്ഷമായതോടെ നിലയുറപ്പിച്ചിരുന്ന പൊലീസിന് ഓടി മാറേണ്ടി വന്നു.കല്ലേറിൽ പൊലീസുകാർക്കും തലക്കു പരിക്കേററു. ഇതിനിടെ കൊടിമരം വീണ്ടും നീക്കം ചെയ്തതോടെ കല്ലേറ് രൂക്ഷമായി. ഇരുവിഭാഗവും നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു.
ഒടുവിൽ പോലീസ് ഇരുവിഭാഗത്തേയും വിരട്ടി ഓടിച്ചെങ്കിലും ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ജില്ലാ ആസുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.