ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത്….
ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 44 കോടിയുടെ ‘നിധി’. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിലെ നോഗൽസ് ബീച്ചിലാണ് സ്പേം തിംമിഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കുടലിനുള്ളിൽ ഈ വിലപ്പെട്ട വസ്തു കണ്ടെത്തിയത്. ലാസ് പാൽമാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെർണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെടുത്തത്. തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്താനായി നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഈ കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ തിമിംഗലം ദഹനസംബന്ധമായ അസുഖം ബാധിച്ചാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി.
എന്നാൽ, അസാധാരണമായ മറ്റെന്തോ ഒന്നുകൂടി മരണത്തിന് കാരണമായിട്ടുണ്ട് എന്നുള്ള സംശയത്തെ തുടർന്ന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് തിമിംഗലത്തിന്റെ വൻകുടലിൽ കട്ടിയുള്ള എന്തോ തങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത് എന്ന് പിന്നീട് റോഡ്രിഗസ് പറഞ്ഞു. തുടർന്ന് വൻകുടൽ കീറി പരിശോധിച്ചപ്പോൾ 50-60 സെന്റീമീറ്റർ വ്യാസമുള്ള 9.5 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കല്ല് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ശതമാനത്തിൽ താഴെ മാത്രം ഈ തിമിംഗലങ്ങൾ ഉൽപാദിപ്പിക്കുന്ന അപൂർവ പദാർത്ഥമാണ് ആംബർഗ്രിസ്. സ്പേം തിമിംഗലങ്ങൾ സാധാരണയായി കണവയും കട്‌ഫിഷും ആണ് ഭക്ഷിക്കുന്നത്. പക്ഷേ, അവയ്ക്ക് കഴിക്കുന്നതെല്ലാം പൂർണ്ണമായി ദഹിപ്പിക്കാൻ കഴിയില്ല. അതിനാൽ, പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങൾക്ക് ശേഷം ബാക്കിയുള്ളവ അടിഞ്ഞുകൂടുകയും കാലക്രമേണ ദൃഢമാവുകയും, ആംബർഗ്രിസ് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ആംബർഗ്രിസ് അമിതമായി വളരുകയാണെങ്കിൽ, അത് തിമിംഗലത്തിന്റെ മരണത്തിലേക്ക് നയിക്കും. തിമിംഗലത്തിന്റെ വയറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ വിലയേറിയ രഹസ്യം ‘കടലിന്റെ നിധി’ അല്ലെങ്കിൽ ‘ഫ്ലോട്ടിംഗ് ഗോൾഡ്’ എന്നും അറിയപ്പെടുന്നു.