ഗർഭസ്ഥശിശുവിന്റെ മരണം ആശുപത്രിയോട് റിപ്പോർട്ട് തേടി പൊലീസ്……

തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ തുടർനടപടിക്ക് പൊലീസ്. ​ഗർഭസ്ഥ ശിശുവിന്റെ മരണത്തിൽ ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തുക. ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്.കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചെന്നായിരുന്നു പരാതി. അടുത്ത ദിവസം നടത്തിയ സ്കാനിംഗിൽ കുഞ്ഞ് മരിച്ചതായും കണ്ടെത്തിയിരുന്നു. അതേസമയം കുഞ്ഞിന്‍റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന് നടത്തുമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിനു ശേഷം ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.

എട്ടു മാസം ഗര്‍ഭിണിയായ പവിത്ര 16ന് വ്യാഴാഴ്ചയാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ തിരിച്ചയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കാര്യമായി പരിശോധന നടത്തിയില്ല. വെറുതെ ഒന്ന് നോക്കിയ ശേഷം കുഞ്ഞ് ഉറങ്ങുകയാണ്, എന്തിനാണ് പേടിക്കുന്നത്, ആദ്യമൊരു കുഞ്ഞ് ഉണ്ടായതല്ലേ, ഇതൊക്കെ അറിയില്ലേ എന്നാണ് ഡ്യൂട്ടി ഡോക്ടര്‍ ചോദിച്ചതെന്ന് പവിത്രയും ഭര്‍ത്താവ് ലിബുവും പറയുന്നു.

ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് ഇവര്‍ തിരിച്ചുപോരുകയായിരുന്നു. ശേഷം പിറ്റേന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് മനസിലാക്കുന്നത്. ഇതിന് ശേഷം എസ്എടി ആശുപത്രിയിൽ നടത്തിയ തുടര്‍ചികിത്സയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

Related Articles

Back to top button