ഗെയിം കളിക്കുന്നതിനിടെ നഷ്ടമായത് രണ്ട് ലക്ഷം രൂപ..18കാരൻ ജീവനൊടുക്കി….
അമ്മയുടെ ഫോണിൽ ഗെയിം കളിക്കുന്നതിനിടെ സൈബർ തട്ടിപ്പിനിരയായി രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട 18കാരൻ ജീവനൊടുക്കി . മുംബൈയിലെ നാലസൊപാരയിലാണ് സംഭവം നടന്നത് .ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ വന്ന പോപ്പ് അപ് പരസ്യത്തിൽ വിദ്യാർത്ഥി അബദ്ധത്തിൽ ക്ലിക് ചെയ്തു .ഇതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണിൽ വന്നതോടെ ഭയന്ന കുട്ടി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു .
പുറത്തുപോയ അമ്മ തിരികെവന്നപ്പോൾ വായിൽ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാർഥിയെയാണ് കണ്ടത്. ഉടൻ തന്നെ അയൽക്കാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.പണം നഷ്ടപ്പെട്ടതിനേക്കുറിച്ച് വിദ്യാർഥിയുടെ മരണശേഷവും വീട്ടുകാർ അറിഞ്ഞിരുന്നില്ല. ആത്മഹത്യയാണ് എന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം അരംഭിക്കുകയായിരുന്നു .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത് .