ഗൃഹനാഥനെ കരുതൽ തടവിലാക്കി..പൊലീസ് സഹായത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ…

തൃശൂരിൽ ഗൃഹനാഥനെ കരുതൽ തടവിലാക്കിയ ശേഷം പൊലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ. തൃശ്ശൂർ പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടിൽ സുരേഷിന്റെ വീടാണ് നാടകീയമായി ജപ്തി ചെയ്തത്.ആത്മഹത്യ ഭീഷണി മുഴക്കിയ ഭാര്യയേയും മക്കളേയും വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്.

ബാങ്ക് അധികൃതർ ജപ്തി ചെയ്യാൻ എത്തിയാൽ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിക്കും എന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗൃഹനാഥനെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.പിന്നാലെ 20ലധികം വരുന്ന പോലീസ് സംഘം വീട്ടിലെത്തി. ഭാര്യയും മക്കളും വാതിലടച്ച് ആത്മഹത്യക്ക് ശ്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വാതിൽ തകർത്ത് പോലീസ് അകത്തുകയറി.വീടിനകത്ത് ഉണ്ടായിരുന്നവരെ പുറത്തിറക്കി ജപ്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ദേശസാൽകൃത ബാങ്കിൽ നിന്നും ഒരു കോടിയിലധികം രൂപയുടെ വായ്പയായിരുന്നു സുരേഷ് എടുത്തിട്ടുള്ളത് .വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സ്ഥലം ഒരു സുഹൃത്തിന് കൈമാറി. സുഹൃത്തും വായ്പ തിരിച്ചടവ് മുടക്കിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.

Related Articles

Back to top button