ഗുരുവായൂരപ്പന് നേർച്ച…ക്ഷേത്രനഗരിയിൽ….

തൃശൂർ : ഗുരുവായൂരപ്പന് വീണ്ടും കാണിക്കയായി അംബാനി കുടുംബം. ഗുരുവായൂർ ക്ഷേത്രനഗരിയിൽ അത്യാധുനിക ആശുപത്രി ഒരുക്കാൻ സഹായം ചെയ്യുമെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി . ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്. സെപ്റ്റംബറിൽ മുകേഷ് അംബാനി ദർശനത്തിന് വന്നപ്പോൾ ആശുപത്രി നിർമിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അഭ്യർഥിച്ചിരുന്നു.

ഇപ്പോഴത്തെ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാകും ആശുപത്രി നിർമ്മിക്കുക . പിൻഭാഗത്തെ കൂടുതൽ സ്ഥലം പ്രയോജനപ്പെടുത്തി 80,000 ചതുരശ്ര അടി വിസ്തീർണത്തിൽ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ അടക്കം 5 നിലകളാണ് കെട്ടിടത്തിന്. 2 നിലകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വാർഡ്. ഒരു നിലയിൽ മുറികൾ. ബേസ്മെന്റിൽ കാർ പാർക്കിങ്. ഡയാലിസിസ്, കാർഡിയോളജി, ഗൈനക്കോളജി, ശസ്ത്രക്രിയ സൗകര്യങ്ങൾ ഉണ്ടാകും.

ഇതിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാൻ മുകേഷ് അംബാനി ദേവസ്വത്തോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ദേവസ്വം തയാറാക്കി. പ്ലാൻ ജില്ല ടൗൺ പ്ലാനർക്ക് സമർപ്പിച്ചു. അനന്ത് അംബാനിയോട് ഇക്കാര്യം ചെയർമാൻ പറഞ്ഞതോടെ ദേവസ്വം മെഡിക്കൽ സെന്ററിന്റെ കാര്യം തങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാം എന്നും അറിയിച്ചു. ചെയർമാൻ കൈമാറിയ ഡിപിആർ സ്വീകരിച്ച അനന്ത് തുടർനടപടികൾക്ക് റിലയൻസ് ഉദ്യോഗസ്ഥരെ അയയ്‌ക്കാമെന്ന് അറിയിച്ചു.

Related Articles

Back to top button