ഗുരുതരമായ അനാസ്ഥ..മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി…
അമ്പലപ്പുഴ : ആലപ്പുഴ ടി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയ്ക്കെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മുൻ ഭരണാധികാരികൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ പിണറായി സർക്കാറിന്റെ കാലത്ത് ശവപ്പറമ്പാക്കാൻ നോക്കുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിയും മുൻ എം എൽ എയുമായ എ. എ. ഷുക്കൂർ പറഞ്ഞു .
മത്സ്യത്തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരന്റെ ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയെ ശക്തിപ്പെടുത്തേണ്ടതിന് പകരം സിപിഎം നിയന്ത്രണത്തിലുള്ള ലാബുകൾക്കും ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും പണം സമ്പാദാനത്തിനുത്തിനുള്ള മാർഗ്ഗം ആക്കി മെഡിക്കൽ കോളേജ് ആശുപത്രിയെ മാറ്റുവാനാണ് ഇന്നിന്റെ ഭരണാധികാരികളും ജനപ്രതിനിധികളും ശ്രമിക്കുന്നതെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ. എ. ഷുക്കൂർ പറഞ്ഞു.ആവശ്യമരുന്ന് ലഭ്യമാക്കാതയും ജില്ലാ കളക്ടറും സർക്കാരും പാവപ്പെട്ടവനെ വട്ടംചുറ്റിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഷിബിന മരിച്ചതല്ല കൊന്നതാണ് ‘ എന്ന പ്ലക്കാർഡ് ഉയർത്തി നൂറിലധികം കോൺഗ്രസ് പ്രവർത്തകരാണ് എം. സി. എച്ച് ജംഗ്ഷനിൽ നിന്നും ആശുപത്രിക്കുള്ളിലേക്ക് മാർച്ച് നടത്തിയത്.
കാരുണ്യ ഫാർമസിക്ക് സമീപം പോലീസ് സമരക്കാരെ തടഞ്ഞു.പിന്നീട് പ്രതിഷേധം ധർണ്ണയായി. ബ്ലോക്ക് പ്രസിഡന്റ് ടി. എ. ഹാമിദിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. സുബാഹു,പി. സാബു, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ. സനൽകുമാർ, എം. എച്ച്. വിജയൻ, തുടങ്ങി പ്രമുഖർ സംസാരിച്ചു .