ഗുണ്ടയെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി..19 വർഷങ്ങൾക്ക് ശേഷം സംവിധായകൻ പിടിയിൽ….
കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ സിനിമ സംവിധായകൻ 19 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കന്നഡ സിനിമ സംവിധായകൻ എം.ഗജേന്ദ്ര (46)യാണ് പിടിയിലായത്.ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്. 2004 ൽ ഗുണ്ടയായ കൊട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര.
ഒരു വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പൊലീസിന്റെ സമൻസുകള്ക്കോ നോട്ടീസുകള്ക്കോ ഇയാൾ മറുപടി നൽകിയിരുന്നില്ല. 2008 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗജേന്ദ്ര ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.2019ൽ ഇയാൾ പുട്ടാനി പവർ എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തതായി പൊലീസ് പറയുന്നു.