ഗള്‍ഫില്‍ നഴ്‌സാണെന്നു പറഞ്ഞു… 101 പവൻ സ്ത്രീധനം… വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകൾ…
മാവേലിക്കര- മാവേലിക്കരയില്‍ അതിദാരുണമായി കൊല്ലപ്പെട്ട നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണവും കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. 2019 ജൂണ്‍ നാലിന് രാത്രിയിലാണ് വിദ്യയെ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പലചരക്ക് വ്യാപാരിയായ പത്തിയൂര്‍ വില്ലേജ് ഓഫീസിന് സമീപം തൃക്കാര്‍ത്തികയില്‍ ലക്ഷ്മണന്റെയും വീട്ടമ്മയായ രാജശ്രീയുടെയും രണ്ട് മക്കളില്‍ ഇളയവളായിരുന്നു വിദ്യ. 2013 ഒക്ടോബര്‍ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗള്‍ഫില്‍ നഴ്‌സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്.സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്. 101 പവനും പണവുമുള്‍പ്പെടെ സ്ത്രീധനവും വാങ്ങി. തുടര്‍ന്ന് ഗള്‍ഫില്‍ പോയ ശ്രീമഹേഷ് ഒരുവര്‍ഷത്തിനകം തിരിച്ചെത്തി. പിതാവിന്റെ ആശ്രിത പെന്‍ഷനില്‍ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയില്‍ വിദ്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. വിദ്യയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.