ഗണേഷ് കുമാറുമായുള്ള ചർച്ചക്ക് ശേഷം സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍…. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ നിർബന്ധം….
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം അവസാനിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തിൽ നിന്ന് 18 ആക്കി. സർക്കുലർ പിൻവലിക്കില്ലെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വേണമെന്ന നിബന്ധന അംഗീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ടെസ്റ്റിന് എത്തുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും ആക്ഷേപമുയർന്നിരുന്നു. രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്നത്തിലാണ് ഇന്ന് പരിഹാരമായത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെയുള്ള എതിർപ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഉണ്ടായത്.