ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം കൂട്ടി വിപണി കണ്ടെത്താന്‍ ശ്രമം -മന്ത്രി പി പ്രസാദ്-ഓണം ഖാദി മേള ആ​ലപ്പുഴ ജില്ലാതല ഉദ്ഘാടനം നടത്തി

ആലപ്പുഴ: ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിച്ചു കൂടുതല്‍ വിപണി കണ്ടെത്തി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ഐ.ടി., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി തുടങ്ങിയ വസ്ത്ര ഡിസൈനിങ് മേഖലയിലെ ഉന്നത സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആധുനികതയ്ക്ക് യോജിച്ച ഖാദി ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു വരുകയാണ്.

വയനാട്ടിലെ ദുരന്തമുഖത്ത് ആണെങ്കിലും ലക്ഷക്കണക്കിന് തൊഴിലാളികളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഓണത്തിന് ഇത്തരം പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോയേതീരുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് ആദ്യ വില്‍പന നിര്‍വഹിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം.ഹുസൈന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബി. അജേഷ്, ഖാദി ബോര്‍ഡ് മെമ്പര്‍ കെ.എസ്. രമേഷ് ബാബു, പ്രോജക്ട് ഓഫീസര്‍ പി.എം. ലൈല, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, കയര്‍ ബോര്‍ഡ് ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. മഞ്ജു, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓഗസ്റ്റ് എട്ടു മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. ചുരിദാര്‍ ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, വിവാഹ വസ്ത്രങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, ദോത്തികള്‍, മെത്തകള്‍, തേന്‍, തേന്‍ ഉല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും മേളയില്‍ വിപണനം ചെയ്യും. ഖാദിക്ക് 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റ് നല്‍കും. ഖാദി ഗ്രാമ സൗഭാഗ്യ കളക്ടറേറ്റ് റോഡ് ആലപ്പുഴ, ഖാദി ഗ്രാമ സൗഭാഗ്യ കാളികുളം ചേര്‍ത്തല, ഖാദി സൗഭാഗ്യ പുതിയിടം കായംകുളം, ഖാദി സൗഭാഗ്യ ചാരുംമൂട്, ഖാദി സൗഭാഗ്യ വെണ്മണി എന്നിവിടങ്ങളിലാണ് മേള നടക്കുക.

Related Articles

Back to top button