ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട് .. കേന്ദ്ര സർക്കാറിന് തിരിച്ചടി…
ന്യൂഡൽഹി: ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് നിയമനിർമാണ അധികാരം ഭരണഘടന പ്രകാരമുണ്ടെന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഖനികൾക്കും ധാതുക്കൾക്കും സംസ്ഥാനങ്ങൾക്ക് 1957ലെ നിയമപ്രകാരം നൽകിയ റോയൽറ്റിക്ക് മുകളിൽ നികുതി പിരിക്കാനാകുമോ എന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റിക്ക് നികുതി ബാധകമല്ലെന്ന കേന്ദ്ര സർക്കാർ നിലപാടിന് കനത്ത തിരിച്ചടിയാണ് വിധി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഏഴ് ജഡ്ജിമാരും അടക്കം എട്ടു പേർ ഭൂരിപക്ഷ വിധിയും ജസ്റ്റിസ് ബി.വി. നാഗരത്‌ന വിയോജിച്ച വിധിയും പുറപ്പെടുവിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എ.എസ് ഓക്ക, ജെ.ബി. പർദിവാല, മനോജ് മിശ്ര, ഉജ്വൽ ഭുയാൻ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരാണ് ഭൂരിപക്ഷ വിധിയിൽ ഒപ്പുവെച്ചത്..
വേർതിരിച്ചെടുക്കുന്ന ധാതുവിന് നൽകേണ്ട റോയൽറ്റി നികുതിയല്ല. ഭരണഘടനയുടെ പട്ടിക രണ്ടിലെ എൻട്രി 50 പ്രകാരം ധാതുക്കളുടെ റോയൽറ്റിക്ക് നികുതി ചുമത്താൻ പാർലമെന്‍റിന് അധികാരമില്ല. റോയൽറ്റിയെ നികുതിയായി തരംതിരിച്ച 1989ലെ സുപ്രീംകോടതി വിധി തെറ്റാണെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ ചൂണ്ടിക്കാട്ടി.