കർഷക കൂട്ടക്കൊല; ആശിഷ് മിശ്രക്ക് സുപ്രീം കോടതി ജാമ്യം…
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി അക്രമത്തില്‍ പ്രതി ആശിഷ് മിശ്രക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഏട്ട് പേർ അക്രമത്തിൽ മരണപ്പെട്ടിരുന്നു. കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വിചാരണകോടതിക്ക് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആശിഷ് മിശ്രയ്ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഇത് സ്ഥിര ജാമ്യമാക്കി മാറ്റുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
അതേസമയം കേസിലെ 117 സാക്ഷികളില്‍ ഏഴു പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. വിചാരണകോടതി നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്. ഇതിനായി സമയക്രമം നിശ്ചയിക്കാന്‍ വിചാരണകോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി.
കര്‍ഷക പ്രക്ഷോഭത്തിനിടെ യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ മൗര്യ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധിക്കാനെത്തിയ ആളുകൾക്കിടയിലേക്ക് മുന്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ നാലു കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തുടർന്ന് രോഷാകൂലരായ ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ ഡ്രൈവറും രണ്ടു ബി.ജെ.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഒരു മാധ്യമ പ്രവര്‍ത്തകനും അക്രമത്തിനിടെ മരിച്ചിരുന്നു.