കർണാടക മണ്ണിടിച്ചിൽ.. ദൗത്യസംഘവുമായി ഉടൻ കൂടിക്കാഴ്ച.. മന്ത്രി പി എ മുഹമ്മദ് റിയാസ്…
ഷിരൂർ: അർജുനെ കണ്ടെത്താൻ കഴിയുന്ന എല്ലാ ശ്രമങ്ങളും ചെയ്യണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദൗത്യസംഘവുമായി കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തും. ദൗത്യസംഘം നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോകണമെന്ന നിലപാടാണ് കേരള സർക്കാരിനുള്ളതെന്നും ശേഷം മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
നാവിക സേനയുടെ മുങ്ങൽ വിദഗ്ദന്മാർക്ക് വെള്ളത്തിൽ ചാടി പരിശോധിക്കുന്നതിന് പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ച ചെയ്യും. എങ്കിലും ഒരു തരത്തിലും ദൗത്യ സംഘം പിന്നോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ് അടക്കമുള്ളവർ സംഭവസ്ഥലത്ത് ഉണ്ട്. കൂടാതെ മന്ത്രി എ.കെ. ശശീന്ദ്രനും ഉടനെ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം.