കർക്കിടക കടൽ പ്രതിഭാസം.. ഒറ്റമശ്ശേരിൽ വീടുകൾ അപകട ഭീഷണിയിൽ…
തുറവൂർ: ഒറ്റമശ്ശേരി പ്രദേശത്ത് കടലാക്രമണം മൂലം രണ്ടാം നിര വീടുകൾ വരെ അപകട ഭീഷണിയിൽ. കർക്കിടക കടൽ എന്ന പ്രതിഭാസത്തിൽ വീടുകൾ തകരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
ഇപ്പോഴത്തെ സർക്കാർ നിലവിൽ വരുന്ന സമയത്താണ് ചേർത്തല താലൂക്ക് കടക്കരപ്പള്ളി പഞ്ചായത്തിലെ ഒറ്റമശ്ശേരിയിൽ കടലാക്രമണത്തിൽ വീടുകൾ തകർന്നത്. എം.എൽ.എ കൂടിയായ മന്ത്രി പി. പ്രസാദ് നേരിട്ടു കണ്ട സ്ഥലം വേഗത്തിൽ ഇടപെട്ട് ഒറ്റമശ്ശേരി മുതൽ അന്ധകാരനഴിവരെയുള്ള തീരപ്രദേശം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികളും ഫണ്ടും അനുവദിപ്പിച്ചിരുന്നു. എന്നാൽ അതുവഴിയുള്ള തീര സംരക്ഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. അവിടെ നിർമിച്ച ടെട്രാപോഡുകള്‍ എത്രയും വേഗം കടലാക്രമണ പ്രദേശത്ത് നിരത്താൻ ഉദ്യോഗസ്ഥരെയും കോൺട്രാക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതും ഇന്നിതുവരെ നടന്നിട്ടില്ല. അടിയന്തര നടപടി ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗം ജോയ് സി. കമ്പക്കാരൻ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.



