ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍……

നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻ കാവിൽ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വഴിക്കടവ് കമ്പളക്കല്ല് സ്വദേശി സൈനുൽ ആബിദിനെയാണ് അറസ്റ്റ് ചെയ്തത്. മുമ്പ് ഇതേ ക്ഷേത്രത്തില്‍ തന്നെ മോഷണം നടത്തിയ ആളാണ് സൈനുൽ ആബിദ്.
കഴിഞ്ഞ 28ന് രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ട്രെയിൻ മാർഗ്ഗം നിലമ്പൂരിൽ എത്തിയ പ്രതി രാത്രിയോടെ ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭണ്ഡാരങ്ങളും ഓഫീസ് റൂമും സ്റ്റോർ റൂമും കുത്തി പൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ സ്വഭാവം പരിശോധിച്ച പൊലീസ് മുമ്പ് ഇതേ ക്ഷേത്രത്തിൽ മോഷണം നടത്തിയ സൈനുല്‍ ആബിദിനെ സംശയത്തെ തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിച്ചു.

ഇരുപത്തിയഞ്ചോളം മോഷണ കേസുകളിൽ പ്രതിയാണ് സൈനുൽ ആബിദ്. എടക്കര ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസില്‍ ജയിലായിരുന്ന പ്രതി രണ്ടു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ലഹരി വസ്തുക്കൾ വാങ്ങുന്നതിനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു.

Related Articles

Back to top button