ക്യാമ്പസിനുള്ളിൽ പ്രൊഫസറേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി

യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഓഫീസിനുള്ളിൽ പ്രൊഫസറേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം പ്രൊഫസർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളിൽ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് സംഭവം.

പ്രൊഫസർ സന്ദീപ് ​ഗോയലും(35) ഇയാളുടെ മകളുമാണ് മരിച്ചത്. ഇരുവരേയും ലാലാ ലജപത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആന്റ് അനിമൽ സയൻസസിലെ ഓഫീസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ സർജിക്കൽ ബ്ലേഡു കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്തി പ്രൊഫസറും കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാൾ വിഷാദ രോ​ഗത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ സൂചന നൽകിയതായി പൊലീസ് പറഞ്ഞു.

ഗോയൽ മകളുമായി വൈകുന്നേരം പുറത്തുപോയി വരാമെന്ന് പറ‍ഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വൈകിട്ട് 4 മണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ട ​ഗോയൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. പിന്നീട് ഭാര്യ അന്വേഷിച്ച് യൂണിവേഴ്സിറ്റിയിലെത്തിയപ്പോഴാണ് സ്കൂട്ടർ ​ഗേറ്റിന് പുറത്ത് നിർത്തിയത് കണ്ടത്. എന്നാൽ ​ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റിയെ അറിയിച്ച് പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ രണ്ടുപേരെയും കണ്ടെത്തിയത്. 2016 മുതൽ ​ഗോയൽ യൂണിവേഴ്സിറ്റിയെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്.

Related Articles

Back to top button