കോസ്റ്റല്‍ പൊലീസ് ഒന്നും ചെയ്തില്ല… മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണം….
പൊന്നാനിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. കോസ്റ്റല്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ആരോപിച്ചു. കടലില്‍ വീണവരെ രക്ഷിക്കാന്‍ ബോട്ടിലെത്തിയ പൊലീസ് തയ്യാറായില്ലെന്നും തകര്‍ന്ന ബോട്ട് കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാര്‍ക്കും വീഴ്ച്ച പറ്റിയതായി ആരോപണമുണ്ട്.

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ യുവരാജ് എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചത്. ചാവക്കാട് മുനമ്പില്‍ നിന്നും 2 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബോട്ട് തകര്‍ന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂര്‍ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലില്‍ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്.



