കൊവിഡിന് വീണ്ടും വകഭേദം…അതിവേഗം പടരുന്നു….
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. പുതിയ വകഭേദമായ ഇറിസ് ആണ് ബ്രിട്ടനിൽ സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യപ്രവർത്തകർ ജാഗ്രതയിലാണെന്നും റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടനുസരിച്ച് EG.5.1 (ഇറിസ്) വകഭേദം രാജ്യത്ത് അതിവേഗം പടരുകയാണ്. ജൂലൈ 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. രാജ്യങ്ങളോട് ജാഗ്രത പാലിക്കാനും കൊവിഡ് പെരുമാറ്റം പാലിക്കാനും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചു.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് -19 കേസുകളുടെ എണ്ണം വർധിക്കുകയാണ്. റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റം വഴി റിപ്പോർട്ട് ചെയ്ത 4,396 സാമ്പിളുകളിൽ 5.4% പേർക്കും കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗികളുടെ അഡ്മിഷൻ നിരക്ക് ജനസംഖ്യയിൽ 1.17 ശതമാനത്തിൽനിന്ന് 1.97 ശതമാനമായി ഉയർന്നു. നിലവിൽ ഏഴ് പുതിയ കോവിഡ് കേസുകളിൽ ഒന്ന് എറിസ് വകഭേദമാണെന്ന് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധർ അറിയിച്ചു. ലോകത്താകമാനമായി, പ്രത്യേകിച്ച് ഏഷ്യയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. തുടർന്നാണ് പുതിയ വകഭേദത്തെ മുന്നറിയിപ്പായി നൽകിയത്.