കൊല്ലത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ഒളിവിൽപോയ പ്രതി 27 വർഷത്തിനു ശേഷം പിടിയിൽ…

അഞ്ചൽ: കൊല്ലം അഞ്ചലിൽ ബലാൽസംഗക്കേസിലെ പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുളത്തൂപ്പുഴയിൽ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.

ഇരുപത്തിയാറുകാരിയും വിവാഹിതയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പ്രതിയും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ബസുടമയുടെ മകന്‍ അടക്കം പത്ത് പേർ പ്രതികളാണ്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പിന്നീട് സജീവനെ അറസ്റ്റ് ചെയ്തു. റിമാൻഡിൽ കഴിയവേ ജാമ്യം എടുത്ത് മുങ്ങിയ സജീവ്‌ പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു.

പിന്നീട് പ്രതി വര്‍ക്കലയില്‍ നിന്ന് താമസം മാറി. 2003 ൽ കോടതി സജീവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം വിദേശത്ത് നിന്ന് വന്ന ശേഷം നാട്ടിലെത്തിയ സജീവ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് നിന്നുമാണ് സജീവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button