കൊല്ലത്ത് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അമ്മ കുറ്റക്കാരി..ശിക്ഷ ഇന്ന് വിധിക്കും…
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിളവീട്ടിൽ രേഷ്മ(25)യെ ആണ് കുറ്റവാളിയായി കോടതി കണ്ടെത്തിയത്. കൊല്ലം ഫസ്റ്റ് അഡീഷണൽ ജഡ്ജ് പി എൻ വിനോദ് ആണ് ഇന്ന് ശിക്ഷ വിധിക്കുക.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് ചുമത്തിയത്. പത്തുവർഷത്തോളം കഠിനതടവ് ലഭിക്കാവുന്നതാണ് നരഹത്യാകുറ്റം. 2021 ജനുവരി 5ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ച് അധികസമയം ആകാത്ത ആൺകുഞ്ഞിനെയാണ് പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാതെ രേഷ്മയുടെ വീടിന്റെ പിന്നിലെ റബർതോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്.