കൊല്ലം–തേനി ദേശീയപാത രണ്ടുവരി പാതയാകുന്നു….
മാവേലിക്കര: കൊല്ലം–തേനി ദേശീയപാത വീതി കൂട്ടി രണ്ടുവരി പാതയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി ഭൂമിയേറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനത്തിനുള്ള സര്‍വേ നടത്തുന്നതിനും തുടര്‍ന്ന് നഷ്ടപരിഹാര വിതരണത്തിനുമായി വിവിധ ജില്ലകളില്‍ സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചു. സര്‍വേ ഉടനെ തുടങ്ങും. ഏഴുമീറ്റര്‍ വീതിയില്‍ രണ്ടുവരിപ്പാതയായിട്ടാണ് നിര്‍മിക്കുന്നത്. ടാറിംഗിനോടു ചേര്‍ന്ന് ഇരുവശത്തും ഒന്നരമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യും. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഒഴിവാക്കി ഇന്‍റര്‍ലോക്ക് പാകും.കയറ്റിറക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനായി നിലവിലുള്ളതിനെക്കാള്‍ റോഡ് ഉയര്‍ത്തിയായിരിക്കും റോഡിന്റെ രൂപകല്‍പ്പന. കൊല്ലം–തേനി ദേശീയപാതയിലെ കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂടുവരെയുള്ള 62 കിലോമീറ്ററില്‍ ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടിയാണു തുടങ്ങിയിരിക്കുന്നത്. കൊല്ലം ജില്ലാ പരിധിയില്‍ 10.26 ഹെക്ടര്‍ ഭൂമിയും ആലപ്പുഴ ജില്ലയില്‍ 8.50 ഹെക്ടര്‍ ഭുമിയുമാണ് വേണ്ടിവരുന്നത്. കൊല്ലം ജില്ലയിലെ തേവള്ളി, തൃക്കടവൂര്‍, അഞ്ചാലുംമൂട്, പേരിനാട്, കുണ്ടറ, ചിറ്റുമല, കിഴക്കേ കല്ലട, ഭരണിക്കാവ്, ചക്കുവള്ളി, ശൂരനാട് വടക്ക് എന്നിവിടങ്ങളിലൂടെയാണ് ദേശയപാത പോകുന്നത്.ഇത്രയുംഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ച്ചുമതല കൊല്ലത്ത് ദേശീയപാത 66ന്‍റെ ഭൂമിയെടുക്കലിനു മേല്‍നോട്ടം വഹിക്കുന്ന വിഭാഗം സ്പെഷല്‍ തഹസില്‍ദാര്‍ക്കാണ്. താമരക്കുളം, ചാരുംമൂട്, ചുനക്കര, മാങ്കാംകുഴി, കൊച്ചാലുംമൂട്, കൊല്ലകടവ്, കോടുകുളഞ്ഞി, മുളക്കുഴ ആഞ്ഞിലിമൂട് എന്നിങ്ങനെ ജില്ലാ പരിധിയില്‍വരുന്ന പ്രദേശങ്ങളിലെ ചുമതല നല്‍കിയിരിക്കുന്നത് ദേശീയപാത 66 ന്‍റെ ഹരിപ്പാടുള്ള സ്പെഷല്‍ തഹസില്‍ദാര്‍ക്കാണ്.