കൊലക്കേസ് പ്രതിക്ക് കേസ് നടത്താൻ കാശില്ല…പണത്തിന് വേണ്ടി കഞ്ചാവ് വിൽപ്പന….2 പേർ പിടിയിൽ..
തൃശ്ശൂര്‍ കൊടകരയില്‍ വൻ കഞ്ചാവ് വേട്ട. പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ അജി എട്ടുകൊല്ലം മുമ്പ് കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തു നടന്ന സനല്‍ കൊലക്കേസിലെ പ്രതിയാണ്. കേസിന്‍റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ആന്ധ്രപ്രദേശില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നൂറു കിലോ കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡും ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളം, തൃശൂര്‍ ജില്ലകളിലായി വില്‍പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയിലൂടെ കഞ്ചാവ് കടത്ത് നടക്കുന്നു എന്ന രഹസ്യ വിവരം റൂറല്‍ എസ്പി നവനീത് ശര്‍മ്മയ്ക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്കായി ക്വാഡിനെ നിയോഗിച്ചത്.