കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട്… കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു….
കൊയിലാണ്ടി പുറംകടലിൽ വെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം.
ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് ഇറാനിൽ നിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ പറയുന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.
അതേസമയം, ഏപ്രിൽ 13ന് തങ്ങൾ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും വിട്ടയച്ചെന്ന് ഇറാൻ കഴിഞ്ഞദിവസം അറിയിച്ചു. എന്നാൽ കപ്പൽ ഇപ്പോഴും ഇറാന്റെ പക്കലാണ്. ഇന്ത്യക്കാരുൾപ്പെടെ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ ഏക വനിതയും മലയാളിയുമായ ആൻ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു. മനുഷ്യത്വപരമായ കാരണങ്ങളാലാണ് ജീവനക്കാരെ മോചിപ്പിക്കുന്നതെന്നും അവർക്കും കപ്പലിന്റെ ക്യാപ്‌റ്റനും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും ഇറാനിയൻ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു.