കൊച്ചിയിൽ യുവതിയെ കൊന്നത് അതിക്രൂരമായി.. കൊലക്ക് മുമ്പ് വിചാരണ നടത്തി ദൃശ്യം മൊബൈല്‍ ഫോണില്‍ പകർത്തി…
കൊച്ചി: കലൂരില്‍ യുവതിയെ അതിക്രൂരമായി കൊലപെടുത്തിയതെന്ന് പൊലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. കഴുത്തിലും വയറിലുമേറ്റ മുറിവാണ് യുവതിയുടെ മരണകാരണം. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപെട്ടത്. സംഭവത്തില്‍ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
കലൂരിലെ അപ്പാര്‍ട്ട്മെന്‍റില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. സൗഹൃദം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെ കൊലപെടുത്തിയെന്നാണ് പ്രതി നൗഷിദ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ അപ്പാര്‍ട്ടുമെന്‍റിലെ കെയര്‍ ടേക്കര്‍ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ രേഷ്മയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ മാറി നിന്ന നൗഷിദിനെ പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതില്‍ നൗഷിദ് കുറ്റം സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.