കൈത്തറി ദിനം….പരാധീനതകൾക്ക് നടുവിൽ കേരളത്തിലെ കൈത്തറി മേഖല
എല്ലാ വർഷവും ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ 2015ൽ കേന്ദ്രം തീരുമാനിച്ചു. ഈ ദിനം ഈ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക മാത്രമല്ല, കൈത്തറി-നെയ്ത്തുകാരെ ആദരിക്കുകയും രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഈ മേഖലയുടെ സംഭാവനകളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു
സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമ്മയ്ക്കായി 2015 ജൂലൈയിലാണ് കേന്ദ്ര സർക്കാർ ഓഗ്സ്റ്റ് 7ന് ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. മദ്രാസ് സർവകലാശാലയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ ദേശീയ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് സർക്കാരിന്റെ ബംഗാൾ വിഭജനത്തിനെതിരെ നടന്ന പ്രതിഷേധമായിരുന്നു സ്വദേശി പ്രസ്ഥാനം. കൂടാതെ ഇതേ ദിവസം തന്നെയാണ് കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുവാനായി ‘ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര’ പതിക്കുന്ന രീതിയും ആരംഭിച്ചത്. കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് സർക്കാർ നൽകുന്ന മുദ്രയാണിത്.
ഈ
മുദ്ര ലഭിക്കുന്നതിന് നെയ്ത്തുകാർ തങ്ങളുടെ ഉൽപന്നങ്ങൾ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിദഗ്ദ്ധ സമിതി ഇവയുടെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം ‘ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര’ പതിപ്പിക്കും. ഏറ്റവും ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്ക് മാത്രമേ ഈ മുദ്ര പതിപ്പിക്കുകയുള്ളൂ. ആഗോള വിപണിയിൽ മികച്ച കൈത്തറി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നേടുവാനും നെയ്ത്തുക്കാർക്ക് മികച്ച വരുമാനം ലഭിക്കാനും ഈ മുദ്ര സഹായിക്കും.
കേരളത്തിലെ കൈത്തറി വിപണി പരാധീനതകളിൽ കൂടിയാണ് കടന്നു പോകുന്നത്.തിരുവനന്തപുരത്തെ ബാലരാമപുരം, കണ്ണൂർ കൈത്തറി, ചേന്ദമംഗലം, പാലക്കാട്ടെ കൂത്താമ്പിള്ളി എന്നിവയെല്ലാം നമ്മുടെ നെയ്ത്തു പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കൈത്തറി ഗ്രാമങ്ങൾക്ക് പേരു കേട്ടവയിൽ ചിലതാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, ദേവാംഗപുരം, എലപ്പുള്ളി, പെരുവെമ്പ്, ആലത്തൂർ, ഷൊർണ്ണൂർ എന്നിവിടങ്ങളിലൊക്കെ വളരെ സജീവമായ നെയ്ത്തുഗ്രാമങ്ങൾ നമുക്കുണ്ടായിരുന്നു. എന്നാൽ, ഈ രംഗത്തെ പ്രശ്നങ്ങൾ കാരണം പാരമ്പര്യമായി നെയ്ത്തു പഠിച്ച തൊഴിലാളികൾ പോലും ഈ രംഗത്തു നിന്നും അപ്രത്യക്ഷമാകുകയാണ്. വിദേശ ബ്രാൻഡുകളുടെയും മറ്റും കേരള വിപണിയിലെ ആധിപത്യവും ഹാൻഡ് ലൂം വിപണിയെ തളർത്താൻ കാരണമായിട്ടുണ്ട്.