കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
കോട്ടയം: കൈക്കൂലി കേസിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശി എൻ.എൽ സുമേഷാണ് വിജിലൻസിന്റെ പിടിയിലായത്. സ്വകാര്യ സ്കൂളിലെ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ നടത്തിയ ഇയാൾ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇത് കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം കൈയ്യോടെ പൊക്കിയത്. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12 മണിക്കാണ് പ്രതി സ്കൂളിൽ പരിശോധനക്ക് എത്തിയത്. അന്ന് തന്നെ വൈകിട്ട് കോട്ടയം റെയിൽവെ സ്റ്റേഷനിൽ എത്തി പണം നൽകാനാണ് ഇയാൾ ആവശ്യപ്പെട്ടത്. എന്നാൽ സ്കൂൾ മാനേജര്‍ സംഭവം വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിര്‍ദ്ദേശ പ്രകാരം കോട്ടയം റെയിൽവെ സ്റ്റേഷനിൽ വരാൻ അസൗകര്യമുണ്ടെന്ന് മാനേജര്‍ ഫോണിൽ ഉദ്യോഗസ്ഥനെ അറിയിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ പാലാ പോളിടെക്‌നിക്കിൽ പരിശോധനക്ക് എത്തുമ്പോൾ പണം നൽകണമെന്നായി ഉദ്യോഗസ്ഥന്റെ നിലപാട്. ഇത് പ്രകാരം വിജിലൻസ് ഉദ്യോഗസ്ഥരുടെ അറിവോടെ ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുകളുമായി മാനേജര്‍ പാലായിലെത്തി. മാനേജര്‍ പണം നൽകിയതിന് തൊട്ടുപിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥര്‍ ഇവിടേക്ക് എത്തി. പ്രതിക്ക് രക്ഷപ്പെടാനാവും മുൻപ് തന്നെ വിജിലൻസ് ഉദ്യോഗസ്ഥര്‍ ഇയാളെ പൂട്ടി. തുടര്‍ന്ന് ഔദ്യോഗിക പരിശോധനയിൽ കൈക്കൂലി പണം ഉദ്യോഗസ്ഥൻ കൈപ്പറ്റിയെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥനെ കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു.