കൈക്കൂലി കേസ്.. എൽൽഡിഎഫ് പിന്തുണ പിൻവലിച്ചു.. തൊടുപുഴ നഗരസഭ ചെയർമാൻ രാജിവെച്ചു…
ഇടുക്കി: കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. കേസിൽ പ്രതിയായതോടെ സനീഷ് ജോർജിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു. സനീഷ് ജോർജിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണ് രാജി.
സമരങ്ങളെ തുടർന്നല്ല രാജിയെന്നും സ്വതന്ത്ര കൗൺസിലറായി തുടരുമെന്നും സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസം വരുമ്പോൾ സഹപ്രവർത്തകർക്ക് ഉണ്ടാകുന്ന സമ്മർദം കണക്കിലെടുത്താണ് രാജിവെക്കുന്നത്. ഒരു രീതിയിലും അഴിമതിക്ക് കൂട്ട് നിന്നിട്ടില്ല ആരോടും കൈക്കൂലിയും വാങ്ങിയിട്ടില്ല. അന്നത്തെ സംസാരത്തിൽ വലിയ നാക്ക് പിഴ പറ്റി. വിജിലൻസിനോട് കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. രാജിക്കത്ത് ഇന്നു തന്നെ നൽകുമെന്നും സനീഷ് ജോർജ്ജ് പറഞ്ഞു.