കൈക്കൂലി കേസിൽ തഹസില്‍ദാറടക്കം 3 പേര്‍ക്ക് സസ്പെന്‍ഷന്‍…ഒരാളെ പിരിച്ചുവിട്ടു….

കൊല്ലം: കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയിൽ ഇടപെട്ട് റവന്യൂ മന്ത്രി. പ്രാഥമിക അന്വേഷണത്തിന് റവന്യൂ മന്ത്രി നിയോഗിച്ച ഉദ്യാഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നാല് പേരെ സസ്പെന്റ് ചെയ്തു. ഇവിടെ കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികള്‍ മന്ത്രിക്ക് ലഭിച്ചിരുന്നു. സെക്രട്ടറിയേറ്റിലെ റവന്യൂ വിഭാഗം അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാദേശിക അന്വേഷണത്തില്‍ വലിയ തോതിൽ അഴിമതി നടക്കുന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.

കൊട്ടാരക്കര താലൂക്ക് തഹസിൽദാർ അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, ഡ്രൈവർ മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യുകയും ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ ജോലി നോക്കുന്ന ശ്രീ മനോജിനെ പിരിച്ചുവിടാനും കരാർ വ്യവസ്ഥയിൽ എടുത്ത ശ്രീ മനോജിന്റെ വാഹനം ഉടൻ പ്രാവല്യത്തിൽ വിടുതൽ ചെയ്യുന്നതിനും ഉത്തരവായി. റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ച് നിരവധിയായ പരാതികളാണ് ഉയര്‍ന്നു വരുന്നത്. വകുപ്പിനെ അഴിമതി മുക്തമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച് നേരിട്ട് മന്ത്രിക്ക് തന്നെ പരാതി നല്‍കാം. പരാതിക്കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ല. പരാതിയില്‍ കഴമ്പ് ഉണ്ടെന്ന് കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.

Related Articles

Back to top button