കേരളത്തിൽ ചരിത്രത്തിലാദ്യമായി 1020 ബിഎസ്സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ചു ….

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

2021-ല്‍ 7422 ബി.എസ്.സി. നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി വര്‍ധിപ്പിച്ചു. ജനറല്‍ നഴ്സിംഗിന് 100 സീറ്റുകളും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാത്രം 8 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിച്ചു. പുതുതായി ആരംഭിച്ച നഴ്‌സിംഗ് കോളേജുകള്‍ക്കായി തസ്തികകളും സൃഷ്ടിച്ചു. തിരുവനന്തപുരത്തും, ആലപ്പുഴയിലും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് ആരംഭിച്ചു. ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്ക് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Related Articles

Back to top button