കേരളത്തില്‍ വിറ്റഴിക്കുന്ന കറിപ്പൊടികളില്‍ കൊടുംവിഷം
തിരുവനന്തപുരം: കേരളത്തില്‍ വിറ്റഴിക്കുന്ന ഭൂരിഭാഗം കറിപൗഡറുകളിലും മസാലകളിലും മുളകുപൊടിയിലും മായം കലര്‍ത്തുന്നതായി തെളിവ്. തമിഴ്‌നാടന്‍ കമ്പനികളുടെ കറിപ്പൊടികളില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പാണ് അറിയിച്ചിരിക്കുന്നത്. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്.എത്തിയോണ്‍ കീടനാശിനിയും സുഡാന്‍ റെഡുമാണ് കറിപ്പൊടികളില്‍ ചേര്‍ക്കുന്നത്. എത്തിയോണ്‍ ചെറിയ തോതില്‍ പോലും ശരീരത്തില്‍ ചെന്നാല്‍ ഛര്‍ദ്ദി, വയറിളക്കം,തലവേദന, തളര്‍ച്ച,പ്രതികരണ ശേഷി കുറയല്‍, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓര്‍മശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞള്‍പ്പൊടിയുടെ നിറവും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ ലെസ്‌ക്രോമേറ്റ് ആണ് കലര്‍ത്തുന്നത്.
82 കമ്പനികളുടെ മുളക് പൊടിയില്‍ തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന സുഡാന്‍ റെഡും 260 മറ്റ് മസാലകളില്‍ എത്തിയോണ്‍ കീടനാശിനിയും കലര്‍ത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞു. തമിഴ്‌നാട് ഫുഡ് സേഫ്റ്റി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.