കേരളത്തിന്റെ നൊമ്പരമായി അര്‍ജുന്‍..വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കാരം…

നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു അർജുന്റെ സംസ്കാരം.രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.

അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്.മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി.അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്കൊപ്പം അര്‍ജുന്‍റെ വീട്ടിലെത്തി. മന്ത്രി കെബി ഗണേഷ് കുമാറും അന്തിമോപചാരമര്‍പ്പിച്ചു.

Related Articles

Back to top button