കേന്ദ്രസാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം രാജി വെച്ച് സാഹിത്യകാരൻ സി രാധാകൃഷ്ണൻ…
കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ. അക്കാദമി പരിപാടി സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് രാജി. അക്കാദമി സെക്രട്ടറിക്കാണ് സി രാധാകൃഷ്ണൻ രാജി സമർപ്പിച്ചത്. ഇക്കാലമത്രയും രാഷ്ട്രീയ സമ്മർദങ്ങൾ മറികടന്ന് സ്വയംഭരണവാകാശം നിലനിർത്തി പോന്ന സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്ന് അക്കാദമി സെക്രട്ടറിക്ക് അയച്ച രാജിക്കത്തിൽ സി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കൊല്ലം ഉദ്ഘാടനച്ചടങ്ങിന് കേന്ദ്രസഹമന്ത്രി പങ്കെടുത്തപ്പോൾ തന്നെ പ്രതിഷേധിചിരുന്നു .തുടർന്ന് ഇത്തരം പ്രവണകൾ ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് തന്നിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും രാജി കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള രാഷ്ട്രീയവത്കരണത്തെ ശക്തമായി എതിർക്കുന്നു. അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആളായത് കൊണ്ടല്ല, അക്കാദമിയോടുള്ള സ്നേഹം കൊണ്ടാണ്. അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാനാണ് ശ്രമം. ജനാധിപത്യപരമായ സ്വയംഭരണവകാശമുള്ള അക്കാദമിയെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നിശബ്ദനായി നോക്കിയിരിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് രാജിയെന്നും സി രാധാകൃഷ്ണൻ കത്തിൽ വ്യക്തമാക്കുന്നു.