കെ.പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് ഗവര്‍ണര്‍

തമിഴ്‌നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കെ.പൊന്മുടിയെ ക്ഷണിച്ച് ഗവര്‍ണര്‍ ആര്‍.എന്‍.രവി. ഇന്ന് വൈകിട്ട് 3.30-നാണ് സത്യപ്രതിജ്ഞ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജ്ഭവന്‍ കത്തയച്ചു. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് എ.ജി. കോടതിയെ അറിയിച്ചു. കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്തിട്ടും പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. തങ്ങളുടെ ഉത്തരവിനെ ധിക്കരിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ താക്കീത്.ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ഡിഎംകെയുടെ മുതിര്‍ന്ന നേതാവായ കെ.പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വിഷയത്തിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പൊട്ടിത്തെറിച്ചത്. തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയില്‍ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. തീരുമാനമെടുത്തില്ലെങ്കില്‍, കേസ് ഇന്നു പരിഗണിക്കുമ്പോള്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ മടിക്കില്ലെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് ഗവര്‍ണര്‍ വഴങ്ങിയത്.

Related Articles

Back to top button