കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രിയുടെ തുറന്ന കത്ത്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രിയുടെ തുറന്ന കത്ത്. യാത്രക്കാരോട് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് കത്ത്. ഒരാള്‍ കൈ കാണിച്ചാൽ ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും വിശദീകരിച്ചാണ് മന്ത്രി ജീവനക്കാര്‍ക്ക് കത്തയച്ചത്. കത്തിന്റെ പൂർണ്ണ പകർപ്പും ഗണേഷ് കുമാർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കി വിടരുത്. ബസ് ഓടിക്കുമ്പോള്‍ നിരത്തിലുള്ള ചെറു വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണം. മുതിര്‍ന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്റെ ഉയരമുള്ള പടി കയറുവാന്‍ വിഷമത അനുഭവിക്കുന്നത് കണ്ടാല്‍ അവരെ കൈപിടിച്ച് ബസില്‍ കയറാന്‍ സഹായിക്കണമെന്നും മോശമായ സമീപനം ഉണ്ടായാല്‍ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഒരേ റൂട്ടിലേക്ക് ഒന്നിന്നു പിറകേ ഒന്നായി വരിവരിയായി ബസുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രവണത ഒരു കാരണവശാലും ഉണ്ടാകരുത്. ഇത്തരം പ്രവണത കണ്ടാല്‍ ജീവനക്കാര്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Related Articles

Back to top button