കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റിൽ വൻ ലഹരി വേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ…
ഇരിട്ടി(കണ്ണൂര്‍): കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. കോഴിക്കോട് വേങ്ങേരി സ്വദേശി എസ്.വി.ഷിഖിലി (28) ല്‍ നിന്ന് 230 ഗ്രാം എം.ഡി.എം.എ. പിടിച്ചു. കൂട്ടുപുഴ ചെക്പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. മാക്കൂട്ടം ചുരംപാത വഴി ബസില്‍വന്ന് കൂട്ടുപുഴ പാലത്തിലിറങ്ങി കാല്‍നടയാത്രക്കാരനായി എക്‌സൈസ് ചെക്പോസ്റ്റ് കടന്ന് പോകുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ. കണ്ടെത്തിയത്. അന്താരാഷ്ട്രവിപണിയില്‍ 15 ലക്ഷത്തോളം വിലവരുന്ന മയക്കുമുരുന്നാണിത്.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.യേശുദാസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വി.പി.ശ്രീകുമാര്‍, ഇ.സുജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.എച്ച്.ഫെമിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍.കെ.ഷബ്‌ന എന്നിവരും ഉണ്ടായിരുന്നു.