കൂട്ടബലാത്സംഗത്തിനിരയായ ശേഷം ഞാനെന്റെ ശരീരം കണ്ടു ഞെട്ടി……

കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ നിയമപോരാട്ടത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹ്യുമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് അവർ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.പോസ്റ്റ് ഇങ്ങനെ, ‘ദളിത് കുടുംബത്തിൽ ജനിച്ച എനിക്ക് 15 വയസ്സ് തികഞ്ഞപ്പോൾ എന്റെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ എന്നെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ എനിക്ക് പഠിക്കാനായിരുന്നു ആഗ്രഹം. ഞാൻ കൂടുതൽ പഠിക്കണമെന്ന് എന്റെ മാതാപിതാക്കളും ആഗ്രഹിച്ചു. എന്റെ അച്ഛന് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു മോഹം. അതുകൊണ്ട് തന്നെ ഞാൻ ആത്മാർഥമായി പഠിച്ചു. അതായിരിക്കാം അവരെ ചൊടിപ്പിച്ചത്. ഒരിക്കൽ പഠിക്കാനുള്ള പുസ്തകങ്ങൾ വാങ്ങാൻ ഞാൻ ഒറ്റയ്ക്ക് പോവുകയായിരുന്നു. പോകേണ്ട സ്ഥലത്ത് എത്താറായപ്പോൾ ഒരു കാർ എന്റെ അടുത്ത് വന്ന് നിന്നു. അതിൽ നിന്ന് ഒരാൾ പെട്ടെന്ന് ചാടി ഇറങ്ങി, എന്നെ പുറകിൽ നിന്നും വട്ടം പിടിച്ച് കാറിൽ കയറ്റി. ഞാൻ ഒച്ചവയ്ക്കാതിരിക്കാൻ എന്റെ വായ കൈകൊണ്ട് ബലമായി പൊത്തി. കാറിനകത്ത് വേറെയും ആളുകളുണ്ടായിരുന്നു. ഞാൻ കുതറി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. പക്ഷേ, വെറുതെയായിരുന്നു. കാരണം അവർ 8 പേരുണ്ടായിരുന്നു.എനിക്ക് നിലവിളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അവർ എന്റെ വായിൽ തുണി തിരുകി, മറ്റൊരു തുണി കൊണ്ട് മുഖവും മൂടി. ഒടുവിൽ കാറിൽ നിന്ന് എന്നെ വലിച്ചിറക്കി. അവർ എന്നെ ഒരു പാടത്തേക്ക് കൊണ്ടുപോയി. കാറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അവരെ ഞാൻ തിരിച്ചറിഞ്ഞത്. അവർ എന്റെ ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു. ഞാൻ അവരോട് കരഞ്ഞപേക്ഷിച്ചു, നിങ്ങൾ എനിക്ക് എന്റെ സഹോദരങ്ങളെ പോലെയാണ്. ദയവായി എന്നെ വെറുതെ വിടൂ. പക്ഷേ അവർ കേട്ടില്ല. അവർ എന്നെ അടിക്കുകയും, മാറിമാറി ബലാത്സംഗം ചെയ്യുകയും ചെയ്തു. കുറെ കഴിഞ്ഞപ്പോൾ എനിക്ക് ബോധം നഷ്ടപ്പെട്ടു.ഏകദേശം 3 മണിക്കൂർ കഴിഞ്ഞ് ഞാൻ ഉണർന്നപ്പോൾ ഞാൻ വിവസ്ത്രയായി അതേ സ്ഥലത്ത് കിടക്കുകയായിരുന്നു. ഞാൻ കഷ്ടപ്പെട്ട് തുണിയുടുത്ത് ഒരുവിധത്തിൽ വീട്ടിലേക്ക് മടങ്ങി. ഞാൻ ആകെ തളർന്നുപോയിരുന്നു. എനിക്ക് ഒന്ന് കുളിച്ചാൽ മതിയായിരുന്നു. അങ്ങനെ വീട്ടിലെത്തിയ ഞാൻ ആരും കാണാതെ നേരെ കുളിമുറിയിലേക്ക് എത്തി. അപ്പോഴാണ് ഞാൻ എന്റെ ശരീരം കാണുന്നത്. എന്റെ തോളിൽ കടിയേറ്റ പാടുകളും ശരീരം മുഴുവൻ പോറലുകളും ഉണ്ടായിരുന്നു. എനിക്ക് രക്തസ്രാവമുണ്ടായി. എന്നാൽ എനിക്ക് സംഭവിച്ചത് വീട്ടിൽ ആരോടും പറയേണ്ടെന്ന് ഞാൻ കരുതി.ഞാൻ എന്റെ മാതാപിതാക്കളോട് തെറ്റ് ചെയ്തതായി എനിക്ക് തോന്നി. പക്ഷെ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാൻ അവരോട് എല്ലാം തുറന്ന് പറഞ്ഞു. അമ്മ എന്നെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു. അച്ഛൻ ഇനി എന്ത് ചെയ്യുമെന്നോർത്ത് അസ്വസ്ഥനായി മുറിയിൽ ഉലാത്തി. അടുത്ത ദിവസം അച്ഛൻ എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പക്ഷേ, വഴിയിൽ അതേ സംഘം ഞങ്ങളെ തടഞ്ഞു. അവർ എന്നെ ആക്രമിക്കുന്നതിന്റെ വീഡിയോ എടുത്തിരുന്നു. അത് കാണിച്ച് ഞങ്ങളെ അവർ ഭീഷണിപ്പെടുത്തി. ഞങ്ങളെ ശരിക്കും അറിയില്ല നിനക്ക്. ഞങ്ങൾ നിന്റെ വീഡിയോ വൈറലാക്കും, അവർ ആക്രോശിച്ചു. വീട്ടിലേക്ക് തിരികെ പോകുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു.എന്നാൽ അച്ഛൻ ഞങ്ങളെ വഴിയിൽ ഇറക്കിവിട്ടു, എവിടേക്കോ പോയി. കുറച്ച് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെന്ന് പറഞ്ഞാണ് പോയത്. എന്നാൽ അന്നാണ് ഞങ്ങൾ അദ്ദേഹത്തെ അവസാനമായി കണ്ടത്. അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. എന്റെ സമുദായത്തിൽ ബലാത്സംഗക്കേസുകൾ നിരവധിയാണ്. എന്നിട്ടും എന്റെ കേസിൽ നടപടിയെടുക്കാൻ എന്റെ അച്ഛൻ ആത്മഹത്യ ചെയ്യേണ്ടി വന്നു. അടുത്ത ദിവസംതന്നെ പ്രശ്‌നത്തിൽ ഇടപെടാൻ 80 ഗ്രാമങ്ങളിൽ നിന്നുള്ള പഞ്ചായത്തുകളെ വിളിച്ച് വരുത്തി. ഇത്തരം സംഭവങ്ങളൊക്കെ ഉണ്ടായെന്ന് വരും, നീ അതിലൊരാളെ അങ്ങ് കെട്ടിക്കോ. പഞ്ചായത്തിലെ ആളുകൾ എന്നോട് പറഞ്ഞു. എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കോടതിയെ സമീപിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. സെഷൻസ് കോടതിയിൽ എന്റെ കേസ് എത്തി. എനിക്ക് എല്ലാ മാസവും കോടതിയിൽ പോകേണ്ടിവന്നു.എല്ലാ സംഭവങ്ങളും ഓരോ തവണയും എല്ലാവരോടും പറയേണ്ടി വന്നു. എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. പക്ഷേ ആ 8 കുറ്റവാളികളിൽ 4 പേരും അറസ്റ്റിലായ ദിവസം ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. പക്ഷേ ഒന്നൊഴിയാതെ അവരെല്ലാവരും ജയിലിനകത്താകുന്നതു വരെ എനിക്ക് വിശ്രമമില്ല. ഇപ്പോൾ സംഭവം കഴിഞ്ഞിട്ട് 9 വർഷമായി. ഞാൻ നിയമം പഠിക്കാൻ നഗരത്തിലേക്ക് മാറി. അനീതിക്കെതിരെ പോരാടാൻ തന്നെ തീരുമാനിച്ചു, ഒരു പെൺകുട്ടിക്കും എന്നെപ്പോലെ നീതി നിഷേധിക്കപ്പെടരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button