കൂടത്തായി കൂട്ടക്കൊലക്കേസ്.. ജോളിയുടെ ഹർജി തള്ളി സുപ്രീം കോടതി…

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ ജാമ്യപേക്ഷ നൽകാൻ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി. ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button