കുഴിയിൽ വീണ കെ.എസ്.ആർ.റ്റി.സി ബസിന്റെ പിൻവശത്തെ ഗ്ലാസ് പൊട്ടി… വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീണ്…മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു…
തിരുവനന്തപുരം: റോഡിലെ കുഴിയിൽ വീണ കെ.എസ്.ആർ.റ്റി.സി ബസിന്റെ പിൻവശത്തെ ഗ്ലാസ് പൊട്ടി ബസിനുള്ളിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ പള്ളിപ്പുറം ഡിജിറ്റൽ സർവ്വകലശാലക്ക് മുന്നിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരക്കുണ്ടായ അപകടത്തിൽ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥി പി. നവനീത് കൃഷ്ണക്ക് പരിക്കേറ്റ സംഭവത്തിലാണ് നടപടി.
തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി. ബസ് റോഡിലെ കുഴിയിൽ വീണതും പിന്നിലെ ഗ്ലാസ് പൊട്ടി വിദ്യാർത്ഥി പുറത്തേക്ക് തെറിക്കികയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി നിയോഗിക്കുന്ന ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അപകടം പറ്റിയ കുട്ടിയുടെയും ബസിലുണ്ടായിരുന്ന സഹപാഠികളുടെയും മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥൻ രേഖപെടുത്തണം. ബസിലെ ജീവനക്കാരുടെ സ്റ്റേറ്റുമെന്റ്, കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, മൊഴി എന്നിവ സമർപ്പിക്കണം.