കുറത്തികാട് ശുദ്ധജല പദ്ധതി – എം.എൽ.എയുടെ അവകാശവാദം അല്പത്തരം – കൊടിക്കുന്നിൽ സുരേഷ് എം.പി

മാവേലിക്കര- കുറത്തികാട് ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന് കുറുകെ സ്റ്റീൽ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കിയത് തന്റെ ഇടപെടൽ മൂലം ആണെന്ന് കൊടുക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഇതിൽ മാവേലിക്കര എം.എൽ.എ എം.എസ് അരുൺകുമാറിന് യാതൊരുപങ്കും ഇല്ലെന്നും റെയിൽവേയുമായും കേന്ദ്ര പദ്ധതികളുമായും ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും ഇത് വികസന പ്രവർത്തനങ്ങളിൽ എം.എൽ.എ കാണിക്കുന്നത് രാഷ്ട്രീയ അൽപ്പത്തരമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വിമർശിച്ചു.

റെയിൽവേ ട്രാക്കിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്നതിന് റെയിൽവേയുടെ സേഫ്റ്റി വിഭാഗത്തിന് അനുമതി ലഭ്യമാക്കുന്നതിനായി ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി ചർച്ച നടത്തുകയും തുടർന്ന് തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ തന്നോടൊപ്പം മാവേലിക്കര സ്റ്റേഷനിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. നടപടികൾ വേഗത്തിൽ ആക്കുന്നതിനായി റെയിൽവേ മന്ത്രിയുടെ ഇടപെടലും തേടിയിരുന്നു. കഴിഞ്ഞമാസം തന്നെ പൈപ്പ് സ്ഥാപിക്കുന്നതിനായി റെയിൽവേയുടെ സേഫ്റ്റി വിഭാഗത്തിന്റെ അനുമതി ലഭ്യമായിരുന്നെങ്കിലും ശബരിമല സീസൺ ആയതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീട്ടിവെക്കുകയായിരുന്നു. പൈപ്പ് സ്ഥാപിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ അടക്കം താൻ ഇടപെട്ടിരുന്നതായും എം.പി അറിയിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദിവസം തന്റെ സാന്നിദ്ധ്യം നിർമ്മാണ സ്ഥലത്ത് ഉണ്ടായിരിക്കുമെന്ന് എം.പി അറിയിച്ചിരുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാതൊരു പ്രവർത്തനങ്ങളിലും ഏർപ്പെടാതിരുന്ന എം.എൽ.എ അനുമതി ലഭിച്ചതിനുശേഷം ഇടതുപക്ഷക്കാരായ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി നടത്തിയ രാഷ്ട്രീയ നാടകം മാത്രമാണ് കഴിഞ്ഞ ദിവസത്തെ സ്ഥലം സന്ദർശനം. വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തുന്ന ഇത്തരക്കാരായ ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ തനിക്ക് അറിയാമെന്നും ബന്ധപ്പെട്ട മന്ത്രാലയത്തിൽ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ പരാതി നൽകുമെന്നും എം.പി കൂട്ടിച്ചേർത്തു.

പൂർണ്ണമായും റെയിൽവേയുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രവർത്തനത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി 210 മിനിറ്റാണ് ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കേണ്ടി വരുന്നത്. എന്നാൽ 19ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ട്രെയിന് നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ റെയിൽവേയുടെ ഭാഗത്തുനിന്നും തീരുമാനം ഉണ്ടായിട്ടില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങളുടെ തീയതി തീരുമാനിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും എം.പി അറിയിച്ചു.

Related Articles

Back to top button