കുറത്തികാട് കുടിവെള്ള പദ്ധതി… ആരാണ് ശരിക്കും എട്ടുകാലി മമ്മൂഞ്ഞ്… കൊടിക്കുന്നില്‍ സുരേഷ് എം.പി ആണെന്ന് സി.പി.എം…

മാവേലിക്കര- കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്തു പോലും കുറത്തികാട് കുടിവെള്ള പദ്ധതിക്കായി ഒന്നും ചെയ്യാത്ത കൊടിക്കുന്നില്‍ സുരേഷ് എം.പി, പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എക്കെതിരെ നിലവാരമില്ലാത്ത പരാമര്‍ശം നടത്തി ജനത്തിനു മുന്നില്‍ പരിഹാസ്യനാവുകയാണെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. പാക്കേജ് ഒന്നില്‍ ഉള്‍പ്പെട്ട റെയില്‍വേ ക്രോസിങ്ങിനുള്ള സ്റ്റീല്‍ സ്ട്രക്ചര്‍ ഓവര്‍ബ്രിഡ്ജ് നിര്‍മാണം 19ന് നടക്കാനിരിക്കെയാണ് എം.പി അവകാശവാദവുമായി എത്തിയിരിക്കുന്നത്.

കുറത്തികാട് കുടിവെള്ള പദ്ധതി വിഷയം ആദ്യവും അവസാനവുമായി പാര്‍ലമെന്റില്‍ ഉന്നയിച്ചത് 2004-2009 കാലത്ത് എം.പിയായിരുന്ന സി.എസ് സുജാതയാണെന്ന് പാര്‍ലമെന്റ് രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. മറ്റു ജനപ്രതിനിധികളുടെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി കാട്ടി വ്യാജപ്രചാരണം നടത്തുന്ന കൊടിക്കുന്നിലാണ് യഥാര്‍ഥത്തില്‍ എട്ടുകാലി മമ്മൂഞ്ഞ് എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യന്‍.
എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ നിരവധി തവണ മന്ത്രി തലത്തില്‍ നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങിയത്. ഇടത് എം.എല്‍.എ ആയിരുന്ന എസ്.ഗോവിന്ദക്കുറുപ്പിന്റെ കാലത്ത് തുടങ്ങി വെച്ചതാണ് ഈ പദ്ധതി. തെക്കേക്കര പഞ്ചായത്തിലെ ഇടത് ഭരണസമിതികളാണ് പദ്ധതിക്കായി പശ്ചാത്തല സൗകര്യം ഒരുക്കിയത്. പഞ്ചായത്തിലെ കുറത്തികാട് മാര്‍ക്കറ്റ് വളപ്പില്‍ പഞ്ചായത്ത് വിട്ടുനല്‍കിയ ഭൂമിയില്‍ 2008 ലാണ് 8.85 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല വാട്ടര്‍ ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 1991 മുതല്‍ 20 വര്‍ഷം ജനപ്രതിനിധിയായിരുന്ന യു.ഡി.എഫ് നേതാവിനും പദ്ധതിക്കായി ഒന്നും ചെയ്യാനായില്ല. ആര്‍.രാജേഷ് എം.എല്‍.എ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഇടപെടലില്‍ പദ്ധതിക്ക് 2020ല്‍ ഭരണാനുമതി ലഭിച്ചു. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ പദ്ധതി നടപ്പാക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടിറങ്ങി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിച്ചു. വിഷയം പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്നത്തെ ചീഫ് സെക്രട്ടറി റെയില്‍വേയുമായി ബന്ധപ്പെട്ട് അനുമതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
2022 ജൂണില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ സബ്മിഷനിലൂടെ വിഷയം സഭയില്‍ അവതരിപ്പിച്ചു. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടിയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് നടപടികള്‍ക്ക് വേഗം നല്‍കി. 2022 ഓഗസ്റ്റ് 5ന് ഇ ദര്‍ഘാസ് ക്ഷണിച്ച് അഞ്ചു കരാറുകാര്‍ പങ്കെടുത്തിരുന്നു. എല്ലാ കരാറുകാരും ടി.പി.എസിൽ 10 ശതമാനം ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി സാങ്കേതിക അനുമതി നല്‍കി നവംബര്‍ 17ന് പുനര്‍ ദര്‍ഘാസ് ക്ഷണിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. 2023 ഫെബ്രുവരിയില്‍ പദ്ധതി കരാറിലേക്ക് നീങ്ങി. 43,79,545 രൂപയാണ് ടിപിഎസി. റെയില്‍വേയുടെ അന്തിമാനുമതി ലഭിച്ച ശേഷം ജൂലൈ 14ന് കേരള വാട്ടര്‍ അതോറിറ്റി റെയില്‍വേ ഡിവിഷണല്‍ എന്‍ജിനീയര്‍ക്ക് 25,38,885 രൂപ അടച്ചിരുന്നു. പുതിയകാവ്-കറ്റാനം റോഡിലം റെയില്‍വേ മേല്‍പ്പാലത്തിന് തെക്കുഭാഗത്ത് പൊളിച്ചുനീക്കിയ പഴയ മേല്‍പ്പാലം സ്ഥിതിചെയ്തിരുന്നിടത്താണ് സ്റ്റീല്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നത്.
പദ്ധതി നടപ്പാക്കാന്‍ 32 തവണ എം.എല്‍.എ താനുമായി സംസാരിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എംഎല്‍എയുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. കിഫ്ബി വഴി 48.33 കോടി ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കല്ലുമല റെയില്‍വേ മേല്‍പ്പാലം പദ്ധതിയും തന്റേതാണെന്ന് എം.പി വ്യാജപ്രചാരണം നടത്തുന്നുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്ന നിലയെത്തിയപ്പോള്‍ സ്വന്തം പേര് തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണെന്നും സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button